ജില്ലയിൽ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ 94 ശതമാനവും പൂർത്തിയായി
വികസന സൂചകങ്ങളിൽ പുതിയൊരു ചരിത്രം കൂടി രചിച്ച് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമ്പോൾ മലപ്പുറം ജില്ലയ്ക്കും അഭിമാന നേട്ടം. ജില്ലയിലെ അതി ദാരിദ്ര നിർമാർജ്ജന പദ്ധതിയുടെ 94 ശതമാനവും പൂർത്തിയായി.
ജില്ലയിലെ 8553 കുടുംബങ്ങളിൽ നിന്നായി 18022 കുടുംബാംഗങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവര്‍ക്കായി 7699 മൈക്രോ പ്ലാനുകളാണ് ജില്ലയിൽ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് ദാരിദ്ര നിർമാർജ്ജന പദ്ധതികൾ നടപ്പിലാക്കുന്നത്. 2021 ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സർവ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അതാത് ഭരണ സമിതികൾ അർഹത പരിശോധിച്ചു അന്തിമ തീർപ്പാക്കിയ ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സുരക്ഷിതമായ വാസസ്ഥലം ഒരുക്കുന്ന മൈക്രോ പ്ലാനിൽ 133 എണ്ണം മാത്രമാണ് ജില്ലയിൽ ഇനി പൂർത്തിയാവാനുള്ളത്. ജില്ലയിലെ ഭൂരഹിത, ഭവനരഹിതരായിട്ടുള്ള കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തുന്നതിനായി ഏറനാട് താലൂക്കിലെ പുൽപ്പറ്റ വില്ലേജിൽ 180 സെന്റ്, പൊന്നാനി താലൂക്കിലെ എഴുവൻതുരുത്തി വില്ലേജിൽ 37സെന്റ്, തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിൽ 15 സെന്റ്, നെടുവ വില്ലേജിൽ 10 സെന്റ്, പെരിന്തൽമണ്ണ താലൂക്കിലെ പുലാമന്തോൾ വില്ലേജിൽ 162 സെൻ്റ് എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പുല്പറ്റ വില്ലേജിലെ 180 സെന്റ് ഭൂമി 37 കുടുംബങ്ങള്‍ക്കും എഴുവൻതുരുത്തി വില്ലേജിലെ 37സെന്റ് ഭൂമി 10 കുടുംബങ്ങള്‍ക്കും അനുവദിക്കുന്നതിനായി പ്ലോട്ടുകളാക്കി തിരിച്ച് നറുക്കെടുപ്പ് പൂര്‍ത്തിയാക്കി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കിലേയും പെരിന്തൽമണ്ണ താലൂക്കിലേയും ഭൂമി പതിച്ചു നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗതിയിലാണ്.
അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയവർക്ക് ആവശ്യകത അനുസരിച്ചു ഭക്ഷണം , ആരോഗ്യ സേവനങ്ങൾ (മരുന്ന് , ചികിത്സ), വരുമാനം , സുരക്ഷിതമായ വാസസ്ഥലം ( വീട് മാത്രം , വീടും ഭൂമിയും , വീട് പുനരുദ്ധാരണം , കുടിവെള്ളം , ടോയ്ലറ്റ് , വൈദ്യുതീകരണം , മാലിന്യ സംസ്കരണ ഉപാധികൾ ) ,എന്നീ സേവനങ്ങൾ നൽകി 7282 കുടുംബങ്ങളെ അതിദാരിദ്രത്തില്‍ നിന്നും കരകയറ്റാനായിട്ടുണ്ട്.
ജില്ലയിൽ ഭക്ഷണം ആവശ്യമുള്ള 3479 ആളുകളിൽ മുഴുവൻ പേർക്കും ഭക്ഷണം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരിൽ പാചകം ചെയ്ത ഭക്ഷണം 353 പേർക്കും കിറ്റ് ആവശ്യമുള്ളത് 3126 പേർക്കുമായിരുന്നു. വിവിധ ആരോഗ്യസേവനങ്ങൾ ആവശ്യമുള്ള 4540 പേർക്കും സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു.വരുമാനം ആവശ്യമുള്ള 877 പേരിൽ മുഴുവൻ പേർക്കും കുടുംബശ്രീ വഴിയും വിവിധ പദ്ധതികളിലൂടെയും തൊഴിൽ ലഭ്യമാക്കി വരുമാനം ഉറപ്പാക്കി.
ജില്ലയിൽ സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 785 വീട് മാത്രം വേണ്ടവർ , 492 വീടും സ്ഥലവും ആവശ്യമുള്ളവർ ,966 ഭവന പുനരുദ്ധാരണം ആവശ്യമുള്ളവർ എന്നീ മൈക്രോ പ്ലാനുകളിൽ 751 വീടും 361 വീടും സ്ഥലവും 966 വീട് പുനരുദ്ധാരണവും പൂർത്തീകരിച്ചു .
ഇനി പൂർത്തീകരിക്കാനുള്ളതും സുമനസ്സുകളുടെ സഹായം ആവശ്യമുള്ളതുമായ ഘടകം ഭൂ രഹിത ഭവന രഹിതർക്ക് ഒരു കൂരയൊരുക്കാൻ ഭൂമി കണ്ടെത്തുക എന്നതാണ്. സ്വന്തമായി മുതൽ മുടക്കി ഭൂമി കണ്ടെത്താൻ പ്രാപ്തിയില്ലാത്തവരാണിവർ. സർക്കാർ ധനസഹായം കൊണ്ട് മാത്രം ഭൂമി വാങ്ങാൻ കഴിയാത്ത അവസ്ഥയും. പരാശ്രയത്വത്താൽ ഉപജീവനം കണ്ടെത്തുന്ന ഇവർക്ക് നിലവിൽ താമസിക്കുന്ന ഇടങ്ങളിൽ നിന്ന് മാറി പോകാൻ പ്രയാസവുമുണ്ട്. ഇവരെകൂടി പുനരധിവസിപ്പിച്ച് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യ മുക്തമാക്കുക എന്നതാണ് ലക്ഷ്യം.
2025 നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദരിദ്രയില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനങ്ങൾ വഴിയും വിവിധ വകുപ്പുകളുടെ ചിട്ടയായ പ്രവർത്തനങ്ങൾ വഴിയുമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. 1973- 74 ൽ 59.8% അതിദരിദ്രരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ വഴി 1993 -94 ൽ 25.4% ആയി മാറി. പിന്നീട് അത് 11.3% ആയി കുറയുകയും ചെയ്തു. മനുഷ്യാവകാശവും മനുഷ്യാന്തസ്സും ഉയർത്തിപ്പിടിക്കുക, മാനവികതയോടുള്ള കടമ നിറവേറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളത്തിൽ അതിദരിദ്രരെ കണ്ടെത്തി അവരെ പുനരുദ്ധരിക്കുന്നത്.
പ്രാദേശികം
റെഡ് അലർട്ട്: ടൂറിസം കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനം വിലക്കി 22 October 2025
പ്രാദേശികം
പെരിന്തല്മണ്ണ താലൂക്കുതല നിക്ഷേപക സംഗമം നടന്നു 14 August 2025
പ്രാദേശികം
വികസന നേട്ടങ്ങള് അക്കമിട്ട് അവതരിപ്പിച്ച് മേലാറ്റൂര് ഗ്രാമ പഞ്ചായത്തില് വികസന സദസ് നടന്നു 08 October 2025
പ്രാദേശികം
ഇത് കരുതലിന്റെ മേള 11 January 2026
പ്രാദേശികം
പൊന്നാനിക്കിനി സാംസ്കാരികോത്സവത്തിന്റെ നാളുകൾ; പൊന്നാനി കൾചറൽ ഫെസ്റ്റിവൽ 2025 ന് തിരി തെളിഞ്ഞു 29 September 2025