പൊന്നാനി : സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് കിട പിടിക്കുന്ന സംവിധാനങ്ങളുമായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഒരാശ്വാസകേന്ദ്രമാവുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലൊന്നായി മാറിയിട്ടുണ്ട് മലപ്പുറം ജില്ലയിലെ തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം. ജില്ലാ ആശുപത്രിയുടെ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ സൗഹാര്‍ദ്ദപരമായ സമീപനവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവുമാണ് രോഗികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.
2016 ഓഗസ്റ്റ് 26 ന് പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിയുടെ ഉദ്ഘാടനം 2018 ഡിസംബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഔദ്യോഗികമായി നിര്‍വഹിച്ചത്. വിശാലമായ കാത്തിരിപ്പു കേന്ദ്രങ്ങള്‍, വായു സഞ്ചാരവും വെളിച്ചവുമുള്ള വാര്‍ഡുകള്‍, അത്യാധുനിക ഉപകരണങ്ങളോടെ സജ്ജീകരിച്ച ഓപ്പറേഷന് തീയേറ്ററുകള്‍, ലേബര്‍ റൂമുകള്‍, ശുദ്ധമായ കുടിവെള്ളം, ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. കൂടാതെ ആശുപത്രിയുടെ ചുവരിലും സമീപത്തെ മരങ്ങളിലും കുട്ടികള്‍ക്കായി നിര്‍മിച്ച കളിയിടങ്ങളിലുമെല്ലാം സ്വച്ഛതയുടെ പ്രതീകമായി ആകര്‍ഷകമായ വര്‍ണചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, അനസ്തേഷ്യ എന്നീ സേവനങ്ങളോടെ 200 കിടക്കകളുള്ള ആശുപത്രിയാണിത്. 24 മണിക്കൂറും എല്ലാ വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക സമൂഹത്തിന് താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ 23 കോടി രൂപ ചെലവഴിച്ചാണ് ജില്ലയിലെ ആദ്യത്തെ മാതൃ-ശിശു സംരക്ഷണ ആശുപത്രി സ്ഥാപിച്ചത്. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.
കഴിഞ്ഞ ആറുവര്‍ഷങ്ങളിലായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നത്. സാംക്രമിക രോഗങ്ങളുള്ളവരെ കിടത്തി ചികിത്സിക്കുന്ന 10 ബെഡുകളുള്ള വാര്‍ഡ് 1.79 കോടി ചെലവില്‍ കോവിഡ് പശ്ചാത്തലത്തില്‍ നിര്‍മിച്ചു പ്രവര്‍ത്തന സജ്ജമാക്കി. ലിക്വിഡ് ഓക്സിജന്‍ പ്ലാന്റ് പി ഇ എസ് ഒ സര്ട്ടിഫിക്കേഷന് ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ദേശീയാരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 1.22 കോടി ചെലവില്‍ നിര്‍മിച്ച ബ്ലഡ് സെന്ററിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കേന്ദ്ര ലൈസന്‍സ് കിട്ടിയാലുടന്‍ പ്രവര്‍ത്തനമാരംഭിക്കും. അതോടെ 24 മണിക്കൂറും രക്തം ദാനം ചെയ്യുന്നതിനും രക്തം ലഭിക്കുന്നതിനുമുള്ള സംവിധാനമുണ്ടാകും. ബ്ലഡ് ബാങ്കിനു മുകളില്‍ പേ വാര്‍ഡിന്റെയും ഡോര്‍മിറ്ററിയുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനു പുറമേ 27 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച സോളാര്‍ പാനല്‍, എ സി, ഇന്‍വെര്‍ട്ടര്‍, മാലിന്യനിര്‍മാര്‍ജ്ജനത്തിനായി രണ്ടു ജിയോ ടാങ്കുകള്‍, പബ്ലിക് ടോയ്ലറ്റുകള്, 45,00,000 രൂപ ചെലവഴിച്ച് കുട്ടികളുടെയും നവജാത ശിശുക്കളുടെയും പരിചരണത്തിനായി ആരംഭിച്ച എം എന്‍ സി യു, പീഡിയാട്രിക് കെയര്‍ യൂണിറ്റ്, നെഗറ്റീവ് പ്രഷര്‍ സിസ്റ്റം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പത്തുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള ജലസംഭരണി, 40,00000 രൂപ ഉപയോഗിച്ച് സ്ഥാപിച്ച 250 കെ.വി ജനറേറ്റര്‍ എന്നിവ വികസന പദ്ധതികളില്‍ ചിലത് മാത്രമാണ്.
ആശുപത്രിയില്‍ 2025ല്‍ ജൂണ്‍ വരെ 1500 പ്രസവങ്ങള്‍ നടന്നു. 2019 ല്‍ 3079, 2020ല്‍ 3626, 2021ല്‍ 4339, 2020ല്‍ 4302, 2023ല്‍ 4057, 2024ല്‍ 3167 എന്നിങ്ങനെയാണ് മാതൃ-ശിശു ആശുപത്രിയിലെ പ്രസവങ്ങളുടെ എണ്ണം.
ഗര്‍ഭിണികള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍
സ്ത്രീകളുടെ ആരോഗ്യത്തിന് ഊന്നല്‍ നല്കുന്ന ഈ വിഭാഗം ഗര്‍ഭകാലം മുതല്‍ പ്രസവാനന്തരം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സമഗ്രമായ പരിചരണം നല്കുന്നു. ഗര്‍ഭകാലത്തിന് മുന്‍പുള്ള കൗണ്‍സിലിങ്, ഗര്‍ഭകാല പരിശോധനകള്‍, പോഷകാഹാര നിര്‍ദേശങ്ങള്‍, യോഗ ക്ലാസുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ ഇവിടെയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലേബര്‍ റൂമും ഗര്‍ഭാശയ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കുമുള്ള സൗജന്യ ചികിത്സയും ലഭ്യമാണ്. പ്രസവാനന്തരം ആശുപത്രി തന്നെ ഏര്‍പ്പാടാക്കുന്ന മാതൃയാനം വാഹനത്തില്‍ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്യും.
നവജാത ശിശു പരിചരണം
മാസം തികയാതെയോ തൂക്കം കുറഞ്ഞോ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തീവ്ര പരിചരണം നല്കുന്ന എം എന്‍ സി യു ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വെന്റിലേറ്ററുകള്‍, ഇന്‍ക്യുബേറ്ററുകള്‍, ഫോട്ടോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളും കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളും ഇവിടെ ലഭ്യമാണ്. ശിശുസൗഹൃദ പീഡിയാട്രിക് വാര്‍ഡും ആശുപത്രിയുടെ പ്രധാന ആകര്‍ഷണമാണ്.
കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റര്‍
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 13 വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്കായി സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, സൈക്കോ തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ നല്കുന്ന സി.ഡി.എം.സി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ റിസര്‍ച്ച് സെന്റര്‍ കൂടിയായ കൂടിയായ ഇവിടം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കുട്ടികളുടെ ഭിന്നശേഷി പരിചരണത്തിനുള്ള സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളുടെ റഫറല്‍ കേന്ദ്രം കൂടിയാണ്. 250 ലധികം കുഞ്ഞുങ്ങള്‍ക്ക് ഡൗണ്‍ സിന്‍ഡ്രം, പ്രായത്തിന് അനുസരിച്ചുള്ള മാനസിക വളര്‍ച്ചയില്ലായ്മ, മറ്റു ജനിതക വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സകള്‍ ഇവിടെ നല്കി വരുന്നുണ്ട്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ പരിചരണത്തിനായുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ രക്ഷിതാക്കള്‍, അങ്കണവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് നല്കി വരുന്നു. കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം മാറ്റം ഉണ്ടാകുന്നതു വരെ ഓരോ മാസവും കൃത്യമായ വിശകലനവും ചെയ്യാറുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വിഷാദ രോഗമുണ്ടെങ്കില്‍ അത് മറികടക്കാനുള്ള ബോധവല്‍ക്കരണവും വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാനുള്ള സൗകര്യങ്ങളും നല്കി വരുന്നുണ്ട്.
അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍
സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും മികച്ച ചികിത്സയും സൗമ്യതയോടെ പെരുമാറുന്ന ആരോഗ്യപ്രവര്‍ത്തകരും ഉള്ള ഈ ആുപത്രിയെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. 2019, 2024 വര്‍ഷത്തെ സംസ്ഥാന കായകല്പ് അവാര്‍ഡ്, 2024ലെ സംസ്ഥാന പരിസ്ഥിതി സൗഹൃദ അവാര്‍ഡ്, 2022ലെ ലക്ഷ്യ ദേശീയ അംഗീകാരം, 2021 ലെ എം ബി എച്ച് എഫ് ഐ സര്ട്ടിഫിക്കേഷന് എന്നിവ ഈ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. വികസനവും മികച്ച സേവനവും മുഖമുദ്രയാക്കി പൊതുജനാരോഗ്യരംഗത്ത് പുതു ചരിത്രം രചിക്കുകയാണ് പൊന്നാനി മാതൃ-ശിശു ആശുപത്രി.
09 March 2026
26 February 2026
പ്രാദേശികം
കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി 26 July 2025
പ്രാദേശികം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ (ശനി) 26 June 2026
പ്രാദേശികം
ജില്ലാ ആരോഗ്യ കർമസമിതി യോഗം ചേർന്നു 09 March 2026
പ്രാദേശികം
പാതിരമണ്ണയിലെ കുട്ടി കർഷകനെ ആദരിച്ചു 19 August 2025
പ്രാദേശികം
തൊഴിലുറപ്പ് പദ്ധതിയില്‍ ഹാജർ ആധാര്‍ അധിഷ്ഠിതമാക്കും 08 October 2025