24/12/25
മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടും കോലവും ആഹ്ലാദങ്ങളും അവസാനിക്കുമ്പോൾ, ജനപ്രതിനിധിയുടെ മുന്നിൽ തുറക്കുന്ന വഴി അധികാരത്തിന്റെ അലങ്കാരമല്ല, മറിച്ച് ഉത്തരവാദിത്വങ്ങളുടെ ദീർഘയാത്രയാണെന്ന സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ചുകൊണ്ട് മക്കരപ്പറമ്പ് ഡിവിഷൻ യുഡിഎഫ് ഭാരവാഹി സൗഹൃദ സംഗമം ശ്രദ്ധേയമായി.
ജില്ലാ പഞ്ചായത്ത് മക്കരപ്പറമ്പ് ഡിവിഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കരുവള്ളി പാത്തിക്കൽ (കെ.പി ) അസ്മാബിയുടെ നേതൃത്വത്തിൽ രാമപുരം നാറാണത്ത് കാറ്റാടി പാടത്ത് സംഘടിപ്പിച്ച സംഗമം, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിൽ അഹോരാത്രം പരിശ്രമിച്ച പ്രവർത്തകരോടുള്ള നന്ദിയുടെയും സഹകരണത്തിന്റെ പുതുവഴിയുടെയും പ്രഖ്യാപനമായി മാറി.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങൾക്കപ്പുറം, ഇനി വരുന്ന അഞ്ചുവർഷക്കാലം ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെ നീതിയോടെയും നിയമബോധത്തോടെയും നിർവഹിക്കേണ്ട ബാധ്യതയാണ് യഥാർത്ഥ അധികാരമെന്ന സന്ദേശമാണ് സംഗമത്തിലുടനീളം ഉയർന്നത്. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ലെങ്കിലും, സാധ്യമായ പരിധിവരെ എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള പ്രവർത്തന ശൈലി ജനപ്രതിനിധിയുടെ ശക്തിയാണെന്ന ബോധ്യവും പങ്കുവെച്ചു. ജനപ്രതിനിധി , 'ഭാരവാഹി’ എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം—ഭാരം വഹിക്കുന്നവൻ—പ്രവർത്തനത്തിലൂടെ തെളിയിക്കേണ്ട ഉത്തരവാദിത്വമാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനം. അതിന് മാതൃകയാകുന്ന രീതിയിൽ, തന്റെ വിജയത്തിനായി അണിനിരന്ന പഞ്ചായത്ത് പ്രതിനിധികളെയും യുഡിഎഫ് ഭാരവാഹികളെയും പ്രവർത്തകരെയും ഒരുമിച്ചു കൂട്ടി ഒരുക്കിയ ഈ സൗഹൃദ വിരുന്ന്, കെ.പി. അസ്മാബിയുടെ രാഷ്ട്രീയ സമീപനത്തിന്റെ മാനുഷിക മുഖം വ്യക്തമാക്കുന്നതായിരുന്നു.
ഹൃദയസ്പർശിയായ ഈ സംഗമം, അധികാരത്തെക്കാൾ ഉത്തരവാദിത്വത്തിന് മുൻഗണന നൽകുന്ന ജനപ്രതിനിധിയുടെ ദർശനം പൊതുസമൂഹത്തിന് മുന്നിൽ ഉറച്ച വിശ്വാസമായി അവതരിപ്പിച്ച ഒരു വേറിട്ട രാഷ്ട്രീയ സന്ദേശമായി മാറി.
മുൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് (മാനു മാസ്റ്റർ), ജാഫർ വെള്ളക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.പി. അസ്മാബി, ഫൗസിയ പെരുമ്പള്ളി എന്നിവർ സംസാരിച്ചു. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മങ്കട, കുറുവ പഞ്ചായത്തുകളിലെ യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സംഘാടക പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്:ഷമീർരാമപുരം
പ്രാദേശികം
പെരിന്തല്‍മണ്ണ താലൂക്കുതല നിക്ഷേപക സംഗമം നടന്നു 14 August 2025
പ്രാദേശികം
ഓണകിറ്റ് വിതരണം ചെയ്തു 03 September 2025
പ്രാദേശികം
മലപ്പുറത്തിന്റെ മനസ്സ് കീഴടക്കിയ കളക്ടര്‍ വി.ആർ. വിനോദ് പടിയിറങ്ങുന്നു 26 February 2026
പ്രാദേശികം
മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു 18 August 2026