*വികസന തുടര്‍ച്ചയുടെ അഞ്ചു വര്‍ഷങ്ങള്‍ തുറന്നുകാട്ടി താനാളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
സമഗ്ര മേഖലയിലെയും വികസനം ജനങ്ങളിലേക്ക് എത്തിച്ച് താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചറുടെ അധ്യക്ഷതയില്‍ കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വികസന സദസ്സുകള്‍ നാടിന്റെ സ്പന്ദനമാണ്. 2031ല്‍ പഞ്ചായത്ത് വികസനം ഏത് തലത്തില്‍ എത്തണം എന്നുള്ളത് മുഖവിലക്കെടുത്തു കൊണ്ടാണ് വികസന സദസ്സുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.
വികസനം അടിത്തട്ടില്‍ നിന്നും ആരംഭിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാറിന്റെ വികസന ഫണ്ടില്‍ മൂന്നില്‍ ഒരു ഭാഗം വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. വികസനം ജനങ്ങളോട് പങ്കുവയ്ക്കണം എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി കൂടിയാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. അധികാര വികേന്ദ്രീകരണം നടത്തുന്ന ഇന്ത്യയിലെ മികച്ച സംസ്ഥാനമാണ് കേരളം. എങ്കിലും അഴിമതിയുടെ പുഴുക്കുത്തുകള്‍ ഇവിടെയുമുണ്ട്, അത് തടയിടുന്നതില്‍ പൊതുജന സഹകരണം കൂടി അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി യു.ടി. സുരക്ഷിത വികസന രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. സതീശന്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി. സിനി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമീറ, മുന്‍ പഞ്ചായത്ത് സെക്രട്ടറി പ്രേമരാജന്‍, മറ്റു മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വികസന സദസ്സില്‍ ചര്‍ച്ചകള്‍, അനുമോദന സദസ്സുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, പാനല്‍ പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയും നടന്നു.
സമഗ്ര മേഖലയിലും വികസനം: നേട്ടങ്ങളുടെ പുതുചരിത്രം കുറിച്ച് താനാളൂര്‍ ഗ്രാമപഞ്ചായത്ത്
സമഗ്ര മേഖലയിലെയും വികസനവും അഭിമാന പദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിച്ച് താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് ഏവരെയും ആകര്‍ഷിച്ചു. വികസന തുടര്‍ച്ചയുടെ അഞ്ചുവര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം,കാര്‍ഷികം തുടങ്ങി സര്‍വ്വ മേഖലകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു.
2021 മുതല്‍ 2025 വരെ പഞ്ചായത്തില്‍ എം.എല്‍.എ ഫണ്ട് നാലു കോടി 63 ലക്ഷം രൂപ ചിലവഴിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി 95 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വഴി മൂന്നു കോടി 65 ലക്ഷം രൂപയും വിനിയോഗിച്ചു. കൂടാതെ സര്‍ക്കാരിന്റെ മറ്റു ഫണ്ടുകള്‍ വഴി 152 കോടി 63 ലക്ഷം രൂപയും പഞ്ചായത്തിനായി വിനിയോഗിച്ചു.
വിദ്യാഭ്യാസ രംഗത്ത് പുതിയ ഉണര്‍വ് നല്കി 'അറിവകം' പദ്ധതി വഴി നാലാം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ നല്കി വരുന്നുണ്ട. വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ്, ശുചിത്വ പാര്‍ലമെന്റ്, ഗ്രീന്‍ ആര്‍മി എന്നിവയും രൂപീകരിച്ചു.
അംഗനവാടി വിദ്യാര്‍ഥികളുടെ സര്‍ഗ്ഗശേഷി ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഒരുക്കിയ 'അമ്പിളിവീട്' പദ്ധതി സംസ്ഥാനതലം വരെ അറിയപ്പെട്ടു. എല്‍.പി വിദ്യാര്‍ഥികളുടെ കായിക പാഠ്യ പദ്ധതിയായ 'ഓടിയും ചാടിയും' മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നു. പദ്ധതി വഴി നാലു ലക്ഷം രൂപയുടെ കളിയുപകരണങ്ങളാണ് വിവിധ സ്കൂളുകളിലായി കുട്ടികള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്.
ആരോഗ്യ മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ ചികിത്സാസമയം വൈകുന്നേരം വരെ ഉറപ്പുവരുത്തി. ഒരോ വാര്‍ഡിലും ജീവിതശൈലി ക്ലിനിക്കുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു ദിവസത്തെ ആയുര്‍വേദ ഫീല്‍ഡ് ക്ലിനിക്കുകള്‍ക്ക് രൂപം നല്കി. ഒരുകോടി നാലുലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനോടകം ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തത്.
28 കുട്ടികളുള്ള തച്ചപറമ്പിലെ ബഡ്സ് സ്കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. എല്ലാ വെള്ളിയാഴ്ചയും സിഡിഎംആര്‍പിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ക്ലിനിക്കും തെറാപ്പിയും നടന്നുവരുന്നു.
കാര്‍ഷിക മേഖലയില്‍ നേട്ടത്തിന്റെ കഥകളാണ് പഞ്ചായത്തിന് പറയാനുള്ളത്. സംസ്ഥാനത്തെ തന്നെ മികച്ച കൃഷിഭവന് ആയി തെരഞ്ഞെടുത്തത് താനാളൂര്‍ കൃഷിഭവനെയാണ്. തേനീച്ച കൃഷി, വെറ്റില കൃഷി, പൂ കൃഷി, തണ്ണിമത്തന്, തുടങ്ങിയവയും വിപ്ലവകരമായി കൃഷി ചെയ്തു വിജയിപ്പിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനഫലമായി മാലിന്യരഹിത താനാളൂര്‍ യാഥാര്‍ത്ഥ്യമായി. ശുചിത്വ സംവിധാനങ്ങളിലും, വയോജന സൗഹൃദ പദ്ധതികളിലും, പാലിയേറ്റീവ് പരിചരണ രംഗത്തും നേട്ടം കൈവരിക്കാന്‍ സാധിച്ചു.
74 കോടി രൂപയുടെ സാമ്പത്തിക വിനിമയം നടത്തിയ താനാളൂര്‍ കുടുംബശ്രീക്ക് ഐ എസ് ഒ അംഗീകാരം ലഭിച്ചു. 3.5 കോടി രൂപ പഞ്ചായത്ത് ചെലവില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി വഴി 5500 കുടുംബങ്ങള്‍ക്ക് വാട്ടര്‍ കണക്ഷന് ലഭിച്ചു. ലൈഫ് ഭവന പദ്ധതി വഴി 414 പേര്‍ക്ക് ആനുകൂല്യം ലഭ്യമായി. അടിസ്ഥാന മേഖലയില്‍ മാത്രം 18.4 കോടി രൂപയുടെ വികസനമാണ് നടന്നത്. സ്കൂള്‍ കളിക്കളങ്ങള്‍ക്ക് പുറമേ ഇ.എം.എസ്, നായനാര്‍ സ്റ്റേഡിയങ്ങളും സാക്ഷാത്കരിക്കാനായി. കായിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓപ്പണ്‍ ജിമ്മും പ്രവര്‍ത്തനമാരംഭിച്ചു. 'കെ സ്മാര്‍ട്ട്' വഴി 28,445 ഫയലുകളും ഇതിനോടകം തീര്‍പ്പാക്കാന്‍ സാധിച്ചതും താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടത്തിലെ പൊന്‍തൂവലാണ്.
02 February 2026
പ്രാദേശികം
ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക് കമ്മിറ്റി) യോഗം ചേര്‍ന്നു 27 January 2026
പ്രാദേശികം
സംഘാടന മികവിൽ മുന്നിട്ട് സരസ് മേള 11 January 2026
ഗുഡ് സ്റ്റോറി
പുനര്‍ഗേഹം എന്ന പുനരധിവാസം:യാതനകള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു 10 August 2025